Our History

Click here to read our history in PDF

അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോന്‍ ചര്‍ച്ച് കൊണ്ണിയൂര്‍ ലഘുചരിത്രം

തെക്കന്‍ കേരളത്തില്‍ പെന്തെക്കോസ്തിന്‍റെ വേരോട്ടം ആരംഭിച്ചപ്പോള്‍ തന്നെ കൊണ്ണിയൂരിലും അതിന്‍റെ അലയടിച്ചു. അസാധാരണ ദൈവ പ്രവര്‍ത്തികള്‍ക്ക് ദേശം സാക്ഷ്യം വഹിച്ചപ്പോള്‍ ജനം രക്ഷകനിലേക്ക് ഒഴുകി. തിരസ്കാരവും അപമാനവും നേരിടേണ്ടിവന്നതൊന്നും രക്ഷകനിലേക്കുള്ള പ്രയാണത്തെ തടയാനായില്ല. കേരളക്കരയിലാദ്യമായി ആത്മസ്നാനം പ്രാപിച്ചത് പാസ്റ്റര്‍ സി. മനശ്ശെയായിരുന്നു. അതേ ദൈവദാസനിലൂടെ തന്നെ കൊണ്ണിയൂര്‍ സഭ ദൈവം സ്ഥാപിച്ചത് യാദൃശ്ചികമല്ല; പ്രത്യുത, ഈ സഭയെക്കുറിച്ചുള്ള ദൈവത്തിന്‍റെ പ്രതീക്ഷയുടെയും പദ്ധതിയുടെയും അടയാളമായിരുന്നു. അന്ന് കൊണ്ണിയൂരില്‍ തുടക്കം കുറിച്ച ആത്മീയാനുഭവം അഭംഗുരം തുടരുകയാണ്.

പാസ്റ്റര്‍ സി. മനശ്ശെ (സഭാ സ്ഥാപകന്‍)

കാഞ്ഞിരംകുളം - പൂവാര്‍ റോഡിലെ ചാണിയിലെ എല്‍ എം. എസ്. സഭയിലെ സ്വമേധയാ സുവിശേഷകനായിരുന്നു സി. മനശ്ശെ ഉപദേശി. പരണിയം സ്വദേശിയായിരുന്ന അദ്ദേഹം ദൈവവചനം പഠിക്കാന്‍ ഉത്സാഹിയായിരുന്നു. ഈ പഠനം തങ്ങളുടെ ആരാധനകള്‍ തെറ്റാണെന്ന ബോധ്യമുണ്ടാക്കി. ഈ സത്യം ലഭിക്കുന്ന വേദികളില്‍ പ്രസംഗിക്കാന്‍ ഒട്ടും മടിച്ചില്ല. സുവിശേഷകന്മാരുടെ ഒരു യോഗത്തില്‍ മുഴുകല്‍ സ്നാനവും അന്യഭാഷയിലെ ആരാധനയുമാണ് ശരിയെന്ന് വാദിക്കാനും ധൈര്യപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് വിസ്തരിക്കേണ്ടതിന് സര്‍ക്കിള്‍ ചെയര്‍മാനായിരുന്ന ജോണ്‍ പ്രസീദം അച്ചനെ നിയോഗിച്ചു. ജോണ്‍ പ്രസീദത്തിന്‍റെ അദ്ധ്യക്ഷതയില്‍ ഉപദേശിമാരുടെ യോഗം ചാണി എല്‍. എം. എസ്. പള്ളിയില്‍ വിളിച്ചു കൂട്ടി. അവിടെയും സി. മനശ്ശെ ഉപദേശിയുടെ നിലപാടുകള്‍ക്ക് മാറ്റമുണ്ടായില്ല. വേദപുസ്തക പ്രകാരമുള്ള ആരാധനയാണ് ശരിയെന്നതില്‍ ഉറച്ചുനിന്ന മനശ്ശെ ഉപദേശി വേലയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയോടെ ദൈവമേയെന്ന് വിളിച്ച് സ്വര്ഗ്ഗത്തിലേക്കു നോക്കി അവിടം വിട്ട മനശ്ശെയെ ദൈവം ഉപേക്ഷിച്ചില്ല.

എല്‍. എം. എസ്. തള്ളിയപ്പോള്‍ തന്നെ മനശ്ശെയ്ക്കായി ദൈവത്തിന്‍റെ കരുതലും പദ്ധതിയും ആരംഭിച്ചു. മദ്രാസിനടുത്ത് തഞ്ചാവൂരില് മിഷണറിയായിരുന്ന ആള്‍ഡ് വിങ്കിളിന് പാസ്റ്റര്‍ മനശ്ശെയെക്കുറിച്ച് ദര്‍ശനം കിട്ടി. മനശ്ശെ, പരണിയം, തെക്കന്‍ തിരുവിതാംകൂര്‍ എന്നായിരുന്നു ആ ദര്‍ശനത്തിന്‍റെ ഉള്ളടക്കം. ഇതും കുറിച്ചെടുത്ത് ആ മിഷണറി ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്ത് വന്ന് മനശ്ശെ ഉപദേശിയെ കണ്ടെത്തി. അദ്ദേഹത്തോട് സംസാരിച്ച് ധൈര്യപ്പെടുത്തി. ഈ സന്ദര്‍ശനം ഉപദേശിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മനശ്ശെയും ഭാര്യ ശീലാള്‍ ടീച്ചറും പൂവാര്‍ നദിയില്‍ സ്നാനമേറ്റു. ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ മുഴുകല്‍ സ്നാനം ഇതായിരിക്കും.

1921 സെപ്തംബര്‍ 13-ന് പരിശുദ്ധാത്മ സ്നാനം പ്രാപിച്ച പാസ്റ്റര്‍ സി. മനശ്ശെ കൊണ്ണിയൂര്‍ കുഴിത്തകിടിയിലെത്തി, അവിടെ എല്‍. എം. എസ്. സഭയിലെ അംഗമായിരുന്ന തന്‍റെ ജ്യേഷ്ഠ സഹോദരന്‍ ദാവീദിനെയും കുടുംബത്തെയും രക്ഷയിലേക്ക് നയിച്ചു. 1921-ല്‍ തന്നെ ദാവീദിന്‍റെ വീടിന്‍റെ വരാന്തയില്‍ വച്ച് ആരാധന ആരംഭിച്ചു ഇതാണ് കൊണ്ണിയൂര്‍ സഭയുടെ ആരംഭം. ഒട്ടും താമസിക്കാതെ തന്നെ ദാവീദും ഭാര്യ അരുളായിയും മക്കളായ ലാസറും ജോഷ്വയും ജ്ഞാനമുത്തും പാസ്റ്റര്‍ മനശ്ശെയുടെ കൈക്കീഴില്‍ സ്നാനമേറ്റു.

ദാവീദിന്‍റെ വീട്ടുവരാന്തയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ ദാവീദ് സൗജന്യമായി നല്കിയ സ്ഥലത്തേക്കു മാറ്റി. ആ 10 സെന്‍റ് സ്ഥലത്തില്‍ ഷെഡ് ഉണ്ടാക്കി. അവിടെ ആരാധന ആരംഭിച്ചു. ഈ ഷെഡിലെ ആരാധനയില്‍ എ. ജി. യുടെ ആദ്യ മിഷണറി മേരി ചാപ്മാന്‍ പങ്കെടുത്തത് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

1922 മുതല്‍ പാസ്റ്റര്‍ സി. മനശ്ശെ കുടുംബമായി മേല്‍പ്പുറത്ത് സഭാശുശ്രൂഷ ആരംഭിച്ചു. അപ്പോഴും കുഴിത്തകിടിയിലെ ആരാധനയുടെ മേല്‍നോട്ടം അദ്ദേഹത്തിനു തന്നെയായിരുന്നു. മനശ്ശെ പാസ്റ്ററുടെ ക്രമീകൃതമായ ബൈബിള്‍ ക്ലാസ്സും ദൈവാശ്രയത്തിലൂന്നിയ ശുശ്രൂഷകളും ദാവീദിന്‍റെ പുത്രന്മാരെ ആത്മീയമായി ബലപ്പെടുത്തി. മനശ്ശെയുടെ അഭാവത്തില്‍ ഇടയോഗങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ഡി. ലാസറും, ഡി. ജോഷ്വയും സദാസന്നദ്ധരായിരുന്നു.

1926 ആയപ്പോള്‍ പാസ്റ്റര്‍ സി. മനശ്ശെ മേല്‍പുറത്തെ ശുശ്രൂഷകള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹം ആരംഭിച്ച മറ്റു സഭകളുടെ മേല്‍നോട്ടവും പൊതു ശുശ്രൂഷകളും മേല്‍പുറത്ത് ചിലവഴിച്ച കൂടുതല്‍ സമയവും കാരണം കൊണ്ണിയൂര്‍ സഭ മറ്റൊരാളെ ഏല്പ്പിക്കേണ്ടിവന്നു. അന്ന് 26 വയസ്സുണ്ടായിരുന്ന ദാവീദിന്‍റെ മൂത്ത മകന്‍ ഡി. ലാസറിനെ കൊണ്ണിയൂര്‍ സഭയെ ഏല്പിച്ചു. അങ്ങനെ സുവിശേഷകന്‍ ഡി. ലാസര്‍ രണ്ടാമത്തെ ശുശ്രൂഷകനായി. ഇക്കാലങ്ങളില്‍ ഡി. ജോഷ്വ ജ്യേഷ്ഠന് ശുശ്രൂഷയില്‍ കൈത്താങ്ങായി കൂടെയുണ്ടായിരുന്നു.

ഇതിനു ശേഷം ശിശുപ്രതിഷ്ഠ, സ്നാനം തുടങ്ങിയ കാര്‍മ്മിക ശുശ്രൂഷകള്‍ക്ക് മാത്രമായാണ് പാസ്റ്റര്‍ മനശ്ശെ കുഴിത്തകിടിയില്‍ വന്നിരുന്നത്. 1936-ല്‍ കുഴിത്തകിടിയില്‍ 40 അടി നീളവും 20 അടി വീതിയുമുള്ള ഒരു ആരാധനാലയം നിര്‍മ്മിച്ചു. ഓലകെട്ടിയ ഈ ആലയത്തിന്‍റെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത് പാസ്റ്റര്‍ സി. മനശ്ശെ തന്നെയായിരുന്നു.

ദൈവത്തിന്‍റെ മഹാകാരുണ്യത്താല്‍ പുതുതായി അനേകം ആളുകള്‍ ആരാധനയ്ക്കായി വന്നുകൊണ്ടിരുന്നു. റോഡ് സൗകര്യമുള്ള ഒരു സ്ഥലത്ത് ആരാധന ആലയം പണിയണമെന്ന ചിന്ത ഉണ്ടായി. അങ്ങനെ 1967 സെപ്തംബര് 13-ന് ഇപ്പോള്‍ ആലയം സ്ഥിതിചെയ്യുന്ന വസ്തു വാങ്ങുകയും 1968-ല്‍ അവിടെ 40 അടി നീളവും 20 അടി വീതിയുമുള്ള ഓടിട്ട സഭാഹാള്‍ പണിയുകയും ചെയ്തു. 1985-ല്‍ 15 അടി കൂടി നീട്ടി പണിതു. സഭ പിന്നെയും വളര്‍ന്നുകൊണ്ടിരുന്നു. പുതിയ സഭാഹാള്‍ പണിയണമെന്ന ചിന്ത സജീവമായി. അങ്ങനെ 1998-ല്‍ പുതിയ സഭാഹാള്‍ പണിതു. സണ്ടേസ്കൂള്‍ പഠിപ്പിക്കാനും ആഹാര ക്രമീകരണത്തിനുമായി ഉപയോഗിക്കുന്ന മുകളിലത്തെ ഹാളിന്‍റെ പണി 2011-ല്‍ പൂര്‍ത്തിയായി.

1921-ല്‍ ആരംഭിച്ച സഭയില്‍ ഇതുവരെ 23 പാസ്റ്റര്‍മാര്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പാസ്റ്റര്‍ ബിജുദാനം 2022-ല്‍ ചാര്‍ജ്ജ് എടുത്തു. സഭയുടെ പ്ലാറ്റിനം ജൂബിലിയും 85-ാം വാര്‍ഷികവും വളരെ വര്‍ണ്ണപ്പകിട്ടോടെ ആചരിച്ചു.

150 കുടുംബങ്ങള്‍ ഉള്‍പ്പെട്ട 500 അംഗസംഖ്യയുള്ള സഭയില്‍ 50 -ലധികം മിഷണറി കുടുംബങ്ങള്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മിഷണറിമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കാപ്പിക്കാട്, വള്ളിപ്പാറ, സമാധാനപുരം, തച്ചന്‍കോട് എന്നിവിടങ്ങളില്‍ ബ്രാഞ്ച് സഭകള്‍ ആരംഭിക്കുകയും ഇന്ന് ഈ സഭകള്‍ വളര്‍ന്ന് സ്വയംസദ്ധാരണ സഭകള്‍ ആയിട്ടുണ്ട്. ഈ സഭകളെ കൂടാതെ മറ്റ് പല സഭകള്‍ ആരംഭിക്കാനും മുന്‍കൈ എടുത്തിട്ടുണ്ട്. സുസംഘടിതമായ സണ്ടേസ്കൂള്‍, യുവജന സംഘടന (സി. എ.), വനിത സമാജം (ഡബ്ല്യു. എം. സി.), പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍, ബ്രാഞ്ച് സണ്ടേസ്കൂള്‍ എന്നിവ സഭയുടെ പ്രത്യേകതയാണ്. 2022-ല്‍ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്‍റെ ബെസ്റ്റ് സണ്ടേസ്കൂള്‍ പദവി ലഭിച്ചു.

1921-ല്‍ ആരംഭിച്ച സഭ 2021-ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കാരണം പരിപാടികള്‍ ഒന്നും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. 2022-ല്‍ കൂടിയ ജനറല്‍ ബോഡിയില്‍ 2023 മെയ് 21 മുതല്‍ 28 വരെ ശതാബ്ദി ആഘോഷിക്കാന്‍ തീരുമാനിക്കുകയും അതിലേക്ക് ബ്രദര്‍ വൈ. ഷിബു കണ്‍വീനറായി 15 അംഗങ്ങള്‍ ഉള്‍പ്പെട്ട സ്വാഗത സംഘം പ്രവര്‍ത്തിക്കുകയും ചെയ്തു. സുവിശേഷ യോഗങ്ങള്‍, പൊതുസമ്മേളനം, മിഷണറി സമ്മേളനം, കുടുംബ സംഗമം, സുവനീര്‍ പ്രകാശനം, വിളംബര യാത്രകള്‍, മിഷണറിമാരെ ആദരിക്കല്‍, കുടുംബങ്ങളെ ആദരിക്കല്‍, ചാരിറ്റി പ്രവര്‍ത്തനം, സംഗീതനിശ, തുടങ്ങിയ വിവിധ പരിപാടികള്‍ ഇതോടൊപ്പം സംഘടിപ്പിക്കപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സമൂഹത്തിനായി ഒരു ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു.

102 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭക്തനായ പാസ്റ്റര്‍ സി. മനശ്ശെയിലൂടെ ആത്മ നിയോഗത്താല്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ സര്‍വ്വശക്തന്‍റെ കാരുണ്യത്താല്‍ വളര്‍ന്ന് വലുതായി അതിന്‍റെ ശിഖരങ്ങള്‍ ഭാരതത്തിന്‍റെ മിക്ക ഭാഗങ്ങളിലും ചില രാജ്യങ്ങളിലും പടര്‍ന്ന് ദൈവരാജ്യത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡ് ഹെബ്രോന്‍ ചര്‍ച്ച് കൊണ്ണിയൂര്‍ കര്‍ത്താവിന്‍റെ വരവ് താമസിച്ചാല്‍ ദൈവരാജ്യ നിര്‍മ്മിതിയില്‍ പെന്തെക്കോസ്തു ജ്വാലയായി ലോക വ്യാപക സുവിശേഷീകരണത്തില്‍ സജീവ സാന്നിധ്യമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു. തിരശീലയ്ക്കപ്പുറത്ത് മറഞ്ഞ അനേകം മാതാപിതാക്കളുടെ ഉള്ളില്‍ ദൈവം നല്‍കിയ ദര്‍ശനത്തെ പിന്തലമുറയ്ക്ക് കൈമാറി, നമ്മുടെ കരങ്ങളിലൂടെ അടുത്ത തലമുറയ്ക്കും പെന്തെക്കോസ്തിന്‍റെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ കര്‍ത്താവിന്‍റെ രണ്ടാം വരവ് വരെ സൂക്ഷിപ്പാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ടി. ബാബുജോയ്, ചര്‍ച്ച് സെക്രട്ടറി

Konniyoor, Poovachal P. O., Thiruvananthapuram 695575
+91 9037667948 info@hebronag.org
Copyright © 2024 Hebron AG Church Konniyoor. All rights reserved | Design by JWD